പേരൂര്‍ക്കട: ബിവറേജ് ഔട്ട്ലെറ്റില് നിന്നു മദ്യം മോഷ്ടിച്ച യുവാവിനെ ജീവനക്കാര്‍ പിടികൂടി പേരൂര്‍ക്കട പോലീസിനു കൈമാറി. പേരൂര്‍ക്കട എന്‍സിസി റോഡ് ശ്രീനഗര്‍ എസ്എന്‍ആര്‍എ 8-ല്‍ രാഹുല്‍ കൃഷ്ണന് (27) ആണ് പിടിയിലായത്.
ബിവറേജ് കോര്‍പറേഷന്റെ പേരൂര്‍ക്കട ഔട്ട്ലെറ്റില്നിന്ന് 35,000 രൂപ വിലവരുന്ന മദ്യമാണ് ഇയാള്‍ കവര്‍ന്നത്. ഔട്ട്ലെറ്റില്നിന്ന് ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുക്കാന്‍ ആവശ്യക്കാര്‍ക്കു സാധിക്കുമായിരുന്നു.
ഷോപ്പിലെത്തിയ രാഹുല്‍ കൃഷ്ണന് ഓരോ ദിവസവും മദ്യക്കുപ്പികള്‍ മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞദിവസം രജിസ്റ്ററിലെ കണക്കുകള്‍ നോക്കിയപ്പോഴാണ് ജീവനക്കാര്‍ക്കു വിവരം മനസ്സിലായത്. തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ചു. ഇതോടെയാണ് മോഷണത്തിനു പിന്നില്‍ രാഹുല്‍ കൃഷ്ണനാണെന്നു മനസിലായത്. വീണ്ടും ഔട്ട്ലെറ്റിലെത്തി മദ്യക്കുപ്പികളുമായി സ്ഥലം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.